അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 50 സ്കൂൾ കുട്ടികൾ തടവിൽനിന്ന് രക്ഷപ്പെട്ടു. ബാക്കി 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലാണ്. രക്ഷപ്പെട്ടവരിൽ 10നും 18നും ഇടയിൽ പ്രായമുള്ളവരുണ്ടെന്നും ഇവരെല്ലാം കുടുംബത്തോടൊപ്പമുണ്ടെന്നും സ്കൂൾ അധികൃതർ ഇന്നലെ അറിയിച്ചു.
കുട്ടികൾ പലപ്പോഴായി ഒറ്റയ്ക്കൊറ്റയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് നൈജർ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ചെയർമാനും സ്കൂളിന്റെ ഉടമയുമായ ഫാ. ബുലസ് ദൗവ യോഹന്ന പറഞ്ഞത്.
നൈജർ സംസ്ഥാനത്തെ പാപിരിയിൽ 629 കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. സ്കൂളിൽ അതിക്രമിച്ചുകടന്ന സംഘം വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോകുകയായിരുന്നു.
പട്ടാളവും നൈജർ സംസ്ഥാന പോലീസും പ്രാദേശിക വേട്ടക്കാരും ഉൾപ്പെട്ട ദൗത്യസംഘമാണ് സമീപ വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. നൈജറിനു പുറമേ കഡുന, സംഫാര, കാറ്റ്സിന, സൊക്കോറ്റോ, കെബ്ബി സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന വനമാണിത്. കഡുന സംസ്ഥാനത്തെ ബിർണിൻ ഗ്വാരി വനത്തിലേക്കായിരിക്കും കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് അനുമാനിക്കുന്നതായി നൈജീരിയൻ വൃത്തങ്ങൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മോചനദ്രവ്യത്തിനായി കൊള്ള സംഘങ്ങളാണു സാധാരണ ഇത്തരം കൃത്യങ്ങൾ നടത്താറുള്ളത്. കൂടുതൽ ആക്രമണം ഉണ്ടാകാമെന്ന ഭീതിയിൽ നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിനു പുറമേ രാജ്യത്തുടനീളം 47 ബോർഡിംഗ് സ്കൂളുകൾ പൂട്ടാൻ നിർദേശിച്ചതായി നൈജീരിയൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
തട്ടിക്കൊണ്ടുപോയ കുട്ടികളെ വീണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനും നൈജീരിയൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ, നൈജീരിയയിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം വിപുലമായ നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. നൈജീരിയയ്ക്കു മേൽ ഉപരോധം ചുമത്തൽ, അല്ലെങ്കിൽ ക്രൈസ്തവരെ ആക്രമിക്കുന്ന ഇസ്ലാമിക ഭീകര സംഘങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ നൈജീരിയൻ സർക്കാരിനു കൈമാറൽ തുടങ്ങിയവയാണു പരിഗണനയിലുള്ളതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിച്ചു.